ന്യൂഡൽഹി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയിൽ സിന്ദൂര വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി. ന്യൂഡൽഹി 7, ലോക് കല്യാൺ മാർഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടത്. 1971 ലെ ഇന്ത്യ പാക് യുദ്ധകാലത്ത് 'അസാമാന്യ പോരാട്ടവീര്യം കാഴ്ചവച്ച' കച്ചിലെ സ്ത്രീകൾ മോദിക്ക് സമ്മാനിച്ച വൃക്ഷത്തൈ ആണ് ഔദ്യോഗിക വസതിയിൽ നട്ടത്. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ ഈ സ്ത്രീകളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഗോള കാലാവസ്ഥയുടെ സംരക്ഷണത്തിനായി ഓരോ രാജ്യവും സ്വാർത്ഥതാൽപ്പര്യത്തിന് അതീതമായി ഉയരണമെന്നും മോദി എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യ ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാനും മോദി പരിസ്ഥിതി ദിന സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കത്തെ കുടിയാണ് സിന്ദൂര വൃക്ഷം നട്ടതിലൂടെ പ്രധാനമന്ത്രി അടയാളപ്പെടുത്തുന്നത്. വൃക്ഷത്തൈ നട്ട ശേഷം പങ്കുവച്ച കുറിപ്പിലും പ്രധാനമന്ത്രി സിന്ദുര വൃക്ഷത്തൈ സമ്മാനിച്ച കച്ചിലെ സ്ത്രീകളെ കുറിച്ച് പരാമർശിച്ചു. കച്ചിലെ ധീരകളായ അമ്മമാരും സഹോദരിമാരും അടുത്തിടെ എനിക്ക് സമ്മാനിച്ചതാണ് ഈ സിന്ദുര വൃക്ഷത്തിന്റെ തൈ. ഇന്ന് ലോക പരിസ്ഥിതി ദിനത്തിൽ ഈ വൃക്ഷത്തൈ നടനായതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമാണ് ഈ സിന്ദൂര വൃക്ഷം എന്നും പോസ്റ്റിൽ വ്യക്തമാക്കി.