തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് തിരുവനന്തപുരം നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ. 'എന്നിട്ട് എല്ലാം ശരിയായോ? ' എന്ന ചോദ്യം ഉന്നയിക്കുന്ന പോസ്റ്ററുകളാണ് തലസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെട്ടത്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സർക്കാർ തലത്തിൽ വിപുലമായി ആചരിക്കാനുള്ള നീക്കത്തിനിടെയാണ് പ്രതിഷേധം.
'വീട് നന്നാക്കി, നാട് ലഹരിയിൽ മുക്കി, സംസ്ഥാനം തകർത്തു' തുടങ്ങിയ വാചകങ്ങളും പോസ്റ്ററുകളിൽ ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളും ചില പോസ്റ്ററുകളിൽ ഉപയോഗിച്ചിട്ടുണ്ട്. നഗരത്തിൽ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുള്ള പോസ്റ്ററിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ കാംപയിന്റെ അഞ്ചാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 2026 ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന കാംപയിനാണ് തുടക്കമായത്. കോളേജ് തലത്തിൽ ദി വേ ഓഫ് ഇൻസ്പിരേഷൻ എന്ന പ്രോഗ്രാം ഉൾപ്പെടെയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള പുത്തൻ പ്രതിരോധമൊരുക്കാനുള്ള പദ്ധതികൾക്ക് കേരളം തുടക്കം കുറിക്കുന്ന എന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്.
സമ്പൂർണ്ണ മയക്കുമരുന്ന് വിമുക്ത കുടുംബം, 'ആർട്ട്ഡിക്ഷൻ' കോളേജ് തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ആരംഭം. കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയാണ് മറ്റ് പദ്ധതികൾ.