വിദ്യാഭ്യാസ മന്ത്രി അപമാനിച്ചു; പ്രോട്ടോകോള്‍ ലംഘിച്ചു; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്കൗട്ട് ആൻഡ് ഗൈഡ് പുരസ്കാര വിതരണച്ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഗവർണ്ണറെ അപമാനിച്ചെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.


മന്ത്രി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നാണ്‌ മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽനിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്. ഇത് വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.


സാധാരണ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മറ്റുള്ളവർ ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ എത്തണമെന്നാണ് പ്രോട്ടോകോൾ. ഗവർണർ എത്തിയാലുടൻ ദേശീയഗാനം ആലപിക്കും. എന്നാൽ ഈ സമയത്തൊന്നും മന്ത്രി ശിവൻ കുട്ടി വേദിയിലെത്തിയിരുന്നില്ല. ചടങ്ങ് തുടങ്ങി പത്തുമിനിറ്റ് കഴിഞ്ഞ ശേഷമാണ് മന്ത്രി ചടങ്ങിനെത്തിയത്.

Previous Post Next Post