'ഏറ്റുമുട്ടലിന് ഇല്ല, അതിനര്‍ത്ഥം വഴങ്ങും എന്നല്ല'; ഭാരതാംബ വിവാദത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഗവര്‍ണര്‍

ഭാരതാംബ വിവാദത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല.

തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 'ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാന്‍ വന്നപ്പോള്‍ പറഞ്ഞത്, അതിനര്‍ത്ഥം വഴങ്ങും എന്നല്ലെന്നും' ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ പറഞ്ഞു.

ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സംസാരിക്കാന്‍ പോലും അനുവദിക്കാത്ത തരത്തിലുള്ള അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ല. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനിടെ വേദിയിലെത്തിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ കാലം ഓര്‍മിപ്പിച്ച്‌ കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. 50 വര്‍ഷം മുമ്ബ് ജനാധിപത്യത്തിനുണ്ടായ മുറിവാണ് അടിയന്തരാവസ്ഥ. ജനാധിപത്യത്തിലെ കറുത്ത ചരിത്രമായിരുന്നു അത്. ജനാധിപത്യം ഇന്ത്യക്കാര്‍ പൊരുതി നേടിയതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതാണ് വിവാദമായത്. പരിപാടിക്കിടെ എസ്‌എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
Previous Post Next Post