റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു.
മൂന്നുദിവസം മുമ്ബ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍ പെട്ടു മരിച്ചിരുന്നു. യുവാവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചുവന്ന ചായത്തില്‍ കുളിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിന് എത്തിയത്.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ ടേബിളിനു മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ രംഗം കലുഷിതമായി. യോഗത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
10 അംഗങ്ങളെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. മേയറെ കൊല്ലുമെന്നും ശരീരത്തില്‍ റീത്തുവയ്ക്കും എന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ പ്രഖ്യാപിച്ചതോടെയാണ് രംഗം കൂടുതല്‍ ശബ്ദമുഖരിതമായത്. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ തുടര്‍ച്ചയായി മനുഷ്യജീവന് ഭീഷണിയാകുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയിലും ബൈക്കിലെത്തിയ ദമ്ബതികള്‍ കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റിരുന്നു.