നാട്ടില്‍ അടുത്തിടെ രണ്ടുപേർക്കാണ് 'സാർ' പദവി ലഭിച്ചത്. അവരാണ് ഈ വാർത്തയുടെ തലക്കെട്ടിലുള്ള 'പട്ടിസാറും' 'പൂച്ചസാറും'.
ഇവർക്ക് രണ്ടുപേർക്കും ആ പദവി നല്‍കിയത് സോഷ്യല്‍ മീഡിയയാണ്. വീട്ടില്‍ വളർത്തുന്ന പട്ടികളും പൂച്ചകളുമായി ബന്ധപ്പെട്ട ട്രോളുകളില്‍ മാത്രമല്ല പോസ്റ്റുകളില്‍ പോലും പലരും ഇരുവരേയും 'ബഹുമാനപുരസ്സരം' സാർ എന്ന് ചേർത്താണ് വിളിക്കുന്നത്.
ഇവർ രണ്ടുപേരില്‍ ആരാണ് കൂടുതല്‍ സ്മാർട്ട് എന്ന തർക്കവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പൂച്ച ഫാൻസും പട്ടി ഫാൻസും തമ്മിലുള്ള ഫാൻ ഫൈറ്റ് ചിലപ്പോഴെങ്കിലും മോഹൻലാല്‍-മമ്മൂട്ടി ഫാൻ ഫൈറ്റിനെ പോലും കടത്തിവെട്ടാറുണ്ട്. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്നവരാണ് രണ്ടുപേരും. എന്നാല്‍ രണ്ടുതരത്തിലാണെന്നുമാത്രം. അപ്പോള്‍ ആ ചോദ്യം വീണ്ടും മുഴങ്ങുന്നു. ആരാണ് കൂടുതല്‍ മിടുക്കൻ അല്ലെങ്കില്‍ മിടുക്കി?
നമ്മള്‍ എങ്ങനെ അവരെ നോക്കിക്കാണുന്നു എന്നതനുസരിച്ചിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. രണ്ടുപേരും വ്യത്യസ്തമായ തരത്തില്‍ പ്രവർത്തിക്കുന്ന, എന്നാല്‍ ഒരേതരത്തില്‍ ബുദ്ധിശക്തിയുള്ള ജീവികളാണെന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ളത് പട്ടിയാണെങ്കിലും പൂച്ചയാണെങ്കിലും അതൊരു മികച്ച കൂട്ടുകാരൻ തന്നെയാണ്.