തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ സംഘടിപ്പിച്ചത്. താൻ എത്തുന്നതിനും ഇരുപത് മിനിറ്റ് നേരത്തെ പരിപാടി തുടങ്ങിയതും മന്ത്രിയെ ചൊടിപ്പിച്ചു.
പരിപാടിക്കായി എത്തുമ്പോൾ രാജ്ഭവനിലെ സെൻട്രൽ ഹാളിലെ സ്റ്റേജിൽ വച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ച നടത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷന്റെ ചുമതലയാണ് ശിവൻകുട്ടിക്ക് ഉണ്ടായിരുന്നത്. പ്രസംഗത്തിനായി ക്ഷണിച്ചപ്പോൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ആദരം നേടിയ കുട്ടികളെ അഭിനന്ദിച്ച ശേഷം ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ച് ഇറങ്ങുകയായിരുന്നു.
സർക്കാരും രാജ്ഭവനും ചേർന്നുനടത്തുന്ന പരിപാടിയായിരുന്നു ഇത്. എന്നാൽ ഈപരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയത് ശരിയായില്ലെന്നും സർക്കാർ പരിപാടിയിൽ ഒരുകാരണവശാലും പാർട്ടി ചിഹ്നങ്ങൾ അംഗീകരിക്കാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.