പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക് ; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  സ്ഥാനാർത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ( Polling Stattions ) 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.


പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളിൽ മൊബൈൽഫോണിനും വിലക്കുണ്ട്.



നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അഭ്യർഥിച്ചു.


വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകൾ നിർമാണ പ്രവൃത്തികളുടെ ഭാഗമായി റോഡിൽ കുഴികൾ എടുക്കുന്നത് ജൂൺ 23 ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ, എന്നിവർക്ക് പുറമെ പി വി അൻവർ കൂടി മത്സരരംഗത്തുണ്ട്.


Previous Post Next Post