ന്യൂഡൽഹി: നാടുകടത്തുന്നതിന് മുൻപായി ന്യൂജഴ്‌സിയലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് നേരിട്ടത് അതിക്രൂര പീഡനം. ഇന്ത്യൻ - അമേരിക്കൻ സംരഭകനായ കുനാൽ ജെയ്‌നാണ് ഈ വിഷയം പൊതുജനശ്രദ്ധയിൽപ്പെടുത്തിയത്. തറയിൽ മുഖം അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുന്നതിന്റെ ദൃശ്യങ്ങളും കുനാൽ ജെയ്ൻ എക്‌സിൽ പങ്കുവച്ചു. ജൂൺ ഏഴിനായിരുന്നു സംഭവം
'വിമാനത്താവളത്തിൽ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിയെ കണ്ടു. കയ്യിൽ വിലങ്ങുണ്ടായിരുന്നു. അവൻ കരയുകയായിരുന്നു, ക്രിമിനലിനോട് പെരുമാറുന്ന തരത്തിലാണ് അവർ അവനോട് പെരുമാറിയത്. സ്വപ്നങ്ങളെ പിന്തുടർന്നാണ് അവനെത്തിയത്, അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എൻആർഐ എന്ന നിലയിൽ ഹൃദയം തകർന്നു. ഇതു മനുഷ്യദുരന്തമാണ്' ജെയിൻ എക്‌സിൽ കുറിച്ചു. വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യമായ സഹായം വിദ്യാർഥിക്ക് ഒരുക്കണമെന്നും ജെയിൻ യുഎസിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു.
'സമീപത്തായി 50 പേരെങ്കിലും ഉണ്ടായിരുന്നു. എന്തെങ്കിലും പറയാൻ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. വിദ്യാർഥി സംസാരിച്ചിരുന്നത് ഹരിയാന ഭാഷയിലായിരുന്നു. വിദ്യാർഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അവർ എന്നെ അനുവദിച്ചില്ല. കൂടുതൽ പൊലീസുകാരെ വിളിക്കുകയാണ് അവർ ചെയ്തത്. വിദ്യാർഥിയെ വിമാനത്തിലും കയറ്റിയില്ല'' കുനാൽ ജെയിൻ പറഞ്ഞു.
സംഭവത്തിന് പിന്നാലെ വിഷയത്തിൽ ഇന്ത്യൻ എംബസി പ്രതികരിച്ചു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ പൗരൻമാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു.