കൊച്ചി: എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ( Suresh Gopi ). മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ കാര്യകാരണ സഹിതം വിശദമാക്കിയിട്ടുണ്ട്. പിന്നീട് കേരള സർക്കാർ പല തവണ അതിൽ പല കറക്ഷനുകൾ വരുത്തി. ഒടുവിൽ ഇ ശ്രീധരൻ നൽകിയ പ്രൊപ്പോസൽ ലിങ്ക് ചെയ്ത് കേരള സർക്കാർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ മുന്നിലെത്തിയിട്ടുണ്ട്. അതിന്റെ ക്ലിയറിൻസിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് അദ്ദേഹം പറയണം. അതു ഫൈനലൈസ് ചെയ്തിട്ടില്ലേയെന്ന ചോദ്യത്തിന്, ഇല്ല എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.
2019-ൽ താൻ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചെന്നും എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2019-ൽ മെട്രോയെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചതാണ്. അത് വാഗ്ദാനമേ അല്ലായിരുന്നു. കോയമ്പത്തൂർ വരെ, അല്ലെങ്കിൽ പാലക്കാട്, പാലിയേക്കര, അല്ലെങ്കിൽ ചാലക്കുടി, നെടുമ്പാശ്ശേരി... എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത് അവതരിപ്പിക്കാൻ കഴിഞ്ഞത്. 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിട്ടപ്പോൾ വീണ്ടും അത് ഉന്നയിച്ചു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനിൽക്കുന്നു. പക്ഷെ, യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ട്. സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ഭവന, നഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാലുമായി മെട്രോ കാര്യം ചർച്ചചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത്, കേരളത്തിൽ ആർആർടിഎസ് (റാപ്പിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം) പദ്ധതിയാണ് യോജിച്ചത് എന്നായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കിൽ കേന്ദ്രം തീർച്ചയായും ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണം അന്വേഷണ വിധേയമാക്കേണ്ടതാണ്. വയൽക്കിളികളുടെ സമരത്തിനൊപ്പം നിന്നപ്പോൾ, പദ്ധതി പൊളിക്കാൻ നിന്നവരുടെ കൂട്ടത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞവരുണ്ടായിരുന്നു. ഇന്നും താൻ വയൽക്കിളികൾക്കൊപ്പമാണ്. നിർമ്മിക്കപ്പെടുന്ന റോഡിൽ പരിരക്ഷ ഉറപ്പുവരുത്തിയിട്ടാണോ ഡിപിആർ 3 യിലേക്ക് പോയത്. എങ്കിൽ പിന്നെ ഡിപിആർ 1 എന്തിനാണ്? ആ ഡിപിആർ 1 ആണ് സേഫ് ആയിരുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുകയാണ്. അതിനാൽ ശശി തരൂരിനും പുകഴ്ത്താം. തരൂരിന്റെ നിലപാടിൽ സംഘ ചായ് വുണ്ടെങ്കിൽ അതിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹം തന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.