താഷ്‌കന്റ്: ചരിത്രത്തിലാദ്യമായി ഉസ്‌ബെക്കിസ്ഥാൻ, ജോർദാൻ ടീമുകൾക്ക് ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യത. ഏഷ്യൻ യോഗ്യതാ പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും സീറ്റുറപ്പിച്ചത്. അതേസമയം കരുത്തരായ ചൈനയ്ക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ ടീമുകളും ഏഷ്യയിൽ നിന്നു യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
അടുത്ത വർഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറാനൊരുങ്ങുന്നത്. 32 ടീമുകൾക്കു പകരം 48 ടീമുകളാണ് ലോക ചാംപ്യൻമാരാകാൻ മത്സരിക്കുന്നത്.
യുഎഇയുമായി ഗോൾരഹിത സമനില പിടിച്ചാണ് ഉസ്‌ബെക്കിസ്ഥാൻ സീറ്റുറപ്പിച്ചത്. ഇറാഖിനെ 2-0ത്തിനു വീഴ്ത്തിയാണ് ദക്ഷിണ കൊറിയയുടെ മുന്നേറ്റം. തുടരെ 11ാം ലോകകപ്പിനാണ് അവർ എത്തുന്നത്. ജോർദാൻ ഒമാനെ 3-0ത്തിനു തകർത്താണ് കന്നി ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ചൈന ഇന്തോനേഷ്യയോടു 1-0ത്തിനു പരാജയപ്പെട്ടു.