പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയിൽ മുന്‍ ജില്ലാ ജഡ്ജിയും; എന്‍ഐഎ കോടതിയില്‍

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എൻഐഎ. പ്രതികളുടെ പക്കൽ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ, അൻസാർ കെ പി, സഹീർ കെ വി എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ ഇക്കാര്യം അറിയിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു.


കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ആലുവയിലെ പെരിയാർ വാലി കാമ്പസിൽ നടത്തിയ പരിശോധനയിൽ, നിലവിൽ ഒളിവിൽ കഴിയുന്ന 15-ാം പ്രതി അബ്ദുൾ വഹാദിന്റെ പഴ്സിൽ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങൾ കണ്ടെടുത്തു. ഈ പട്ടികയിൽ ഒരു മുൻ ജില്ലാ ജഡ്ജിയുടെ പേരും ഉൾപ്പെടുന്നു.


പ്രതികളിൽ ഒരാളിൽ നിന്ന് പിടിച്ചെടുത്ത രേഖയിൽ 232 പേരുടെ പേരുകൾ അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ഇയാൾ പിന്നീട് മാപ്പുസാക്ഷിയായി. 69-ാം പ്രതിയായ അയൂബ് ടി എയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏതാണ്ട് 500 പേരുടെ പേരുകൾ അടങ്ങിയ ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ പെരിയാർ വാലി കാമ്പസ് പി.എഫ്.ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു. അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കണ്ടുകെട്ടിയെന്നും എൻഐഎ കോടതിയെ അറിയിച്ചു.


പോപ്പുലർ ഫ്രണ്ടിനെതിരായ ആദ്യ കേസ്, 2022-ൽ ബിഹാറിലെ ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. ആ കേസിലെ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനിൽ നിന്ന് 'ഇന്ത്യ 2047' എന്ന ആറ് പേജുള്ള ഒരു രേഖ, കേസ് അന്വേഷിച്ച എൻഐഎ ന്യൂഡൽഹി യൂണിറ്റ് കണ്ടെടുത്തിരുന്നു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ആ രേഖയിലെ മുഖ്യ അജണ്ടയെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ ഓഡിയോ ക്ലിപ്പുകളിലൂടെ പ്രചരിച്ചതായി വെളിപ്പെടുത്തുന്ന ശബ്ദ ക്ലിപ്പുകളും സാക്ഷി മൊഴികളും തങ്ങളുടെ കൈവശമുണ്ടെന്നും എൻഐഎ അവകാശപ്പെട്ടു.


പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എൻഐഎ വാദിച്ചു. രാജ്യത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനുള്ള കേന്ദ്രസർക്കാർ നിർദേശ പ്രകാരം, 2022 മെയ് മാസത്തിലാണ് പിഎഫ്ഐയ്ക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. 2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക അന്വേഷണവും എൻഐഎ ഏറ്റെടുത്തു.


പിന്നീട് കൊലപാതക കേസ് പിഎഫ്ഐ കേസുമായി ലയിപ്പിക്കുകയായിരുന്നു. പിഎഫ്ഐക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ സംഘടനയുടെ 'റിപ്പോർട്ടർ വിങ്' കണ്ടെത്തുന്നു. സംഘടനയുടെ സർവീസ് വിങ്/ഹിറ്റ് ടീമുകൾ എതിരാളികളെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നു. അതിനായി കേഡർമാർക്ക് ശാരീരിക, ആയുധ പരിശീലനം നൽകുന്നതിനുള്ള വിഭാഗവും പോപ്പുവർ ഫ്രണ്ടിനുണ്ട് എന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു.


എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഹർജിക്കാർ ആരോപിച്ചു. തങ്ങൾ നിരപരാധികളാണ്. മൂന്ന് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പൂർത്തിയായി. വിചാരണ നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ, ജാമ്യം അനുവദിക്കണമെന്ന് നാലു ഹർജിക്കാരും ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച കോടതി, ഹർജിക്കാർക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചു.


ഹർജിക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. കേസിൽ അന്തിമ റിപ്പോർട്ട് ഇതിനകം ഫയൽ ചെയ്തിട്ടുണ്ട്. കേസ് വിചാരണയ്ക്ക് മാറ്റിവെച്ചിരിക്കുന്നു. യുഎപിഎയിലെ സെക്ഷൻ 43ഉ(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസിൽ ബാധകമാണ്. ആയതിനാൽ ഈ ഘട്ടത്തിൽ ഹർജിക്കാർക്ക് ജാമ്യം ലഭിക്കാൻ അർഹതയില്ല. അതിനാൽ ഹർജി തള്ളിക്കളയുന്നതായി എൻഐഎ കോടതി ഉത്തരവിട്ടു.

Previous Post Next Post