കോട്ടയം: കോട്ടയത്ത് വീശിയ കാറ്റിന് മണിക്കൂറിൽ 61 കിലോമീറ്ററിന് മുകളിൽ വേഗതയാണ് ഉണ്ടായിരുന്നത്. കുമരകത്ത് കാറ്റിന് 52 കിലോമീറ്ററിന് മുകളിൽ വേഗതയും.
കാറ്റിന് ശക്തി കൂടിയതോടെ വ്യാപക നാശനഷ്ടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. തിരുവാർപ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ അഞ്ചു വീടുകളാണ് കാറ്റിൽ മരം വീണു നശിച്ചത്.
ഒരു വീടിനു മുകളിൽ മരം വീണ് കിടപ്പുരോഗിയായ വീട്ടമ്മയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. കുമ്മനം പെരുമ്ബള്ളിയിൽ വേണുഗോപാലൻ നായരുടെ വീടിനു മുകളിലാണു മരം വീണത്.
വീടിന്റെ ഭിത്തി തകരുകയും ചെയ്തു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിയമ്മയ്ക്ക് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമ്മനം തട്ടാപ്പറമ്ബിൽ മനോജിന്റെ വീടിനു മുകളിലേക്ക് ജാതിയാണ് മറിഞ്ഞു വീണത്.
വീടിന്റെ രണ്ട് വശത്തേയ്ക്കും ജാതിമരം മറിഞ്ഞ് വീണ് അടുക്കളയ്ക്കും, ബെഡ്റൂമിനും കേടുപാടുകൾ സംഭവിച്ചു. കുമ്മനം വടക്കേടത്ത് മാലിയിൽ നൗഷാദ്, കദളിപ്പറമ്ബിൽ സലാഹുദീൻ, കുമ്മനം ദാറുൽഅസ്ഹയിൽ സെയ്ദുമുഹമ്മദിൻ എന്നിവരുടെ വീടുകളും മരം വീണു തകർന്നു. ഭാഗ്യം കൊണ്ടാണ് പലയിടത്തും വൻ ദുരന്തം ഒഴിവായത്.
കോട്ടയം പേരൂരിൽ പെരുന്തോട്ടത്തിൽ വീട്ടിൽ ഉണ്ണിയുടെ വീടിന്റെ മുകളിലേക്ക് തേക്ക് മരം വീണ് വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിലായിരുന്നു മരം വീണത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.