ന്യൂഡൽഹി: ബഹിരാകാശത്തുനിന്ന് ഹിന്ദിയിൽ ഇന്ത്യക്കാർക്ക് വേണ്ടി ശുഭാംശു ശുക്ലയുടെ സന്ദേശം. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെയാണ് ശുഭാംശുവിന്റെ സന്ദേശമെത്തിയത്. ആക്‌സിയം -4 ദൗത്യത്തിന്റെ ഭാഗമായി ഫാൽക്കൺ 9 റോക്കറ്റിൽ ശുഭാംശു ഉൾപ്പെടെ നാലുപേർ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു.
''നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ വീണ്ടും ബഹിരാകാശത്തെത്തി. ഇത് വളരെ ആശ്ചര്യജനകമായ യാത്രയാണ്. സെക്കൻഡിൽ ഏഴര കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുകയാണ് ഞങ്ങൾ. നിങ്ങൾ എല്ലാവർക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലിൽ പതിച്ച ത്രിവർണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയിൽ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്!'', ശുഭാംശു പറഞ്ഞു.