തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേർന്നകുട്ടികളുടെ എണ്ണത്തിൽ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാൽ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ ആകെ 40,906 കുട്ടികളുടെ വർധനയും ഇത്തവണ പൊതു വിദ്യാലയങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കണക്കുകൾ പങ്കുവച്ചത്.
ഇക്കഴിഞ്ഞ അധ്യയന വർഷത്തിൽ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസിൽ ചേർന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളിൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഒരു കുട്ടിമാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അൺഎയ്ഡഡ് സ്‌കൂളിൽ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുൻവർഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തെ ജനന നിരക്കിൽ വന്ന കുറവാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത് എന്നാണ് മന്ത്രി ഉയർത്തുന്ന വാദം. ഈ അധ്യയനവർഷം ഒന്നാംക്ലാസിൽ പ്രവേശനം നേടിയത് 2020 ൽ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020ലെ ജനന നിരക്ക്. 2025ൽ പത്താം ക്ലാസ് പൂർത്തിയാക്കിയത് 2010ൽ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.