കാറില്‍ കൊണ്ടുവന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി. പാലക്കല്‍ സ്വദേശി പുല്ലോക്കാരൻ ജോയ്സൻ ജേക്കബിൻ്റെ ജെപി ഗോള്‍ഡ് ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ 6.30 ന് കോയമ്ബത്തൂരിനു സമീപം എട്ടിമടയില്‍ വച്ചാണ് സ്വർണവും പണവും ഇവർ സഞ്ചരിച്ച ബ്രിസ കാർ ഉള്‍പ്പെടെ തട്ടിയെടുത്തത് (stolen).
ജോയ്സനും സഹായിയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നു വന്ന ടിപ്പർ ലോറി റോഡിന് കുറുകെ നിർത്തി രണ്ട് പേർ ഇറങ്ങി ജോയ്സനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറുമായി കടന്നു കളഞ്ഞത്. ഇതുസംബന്ധിച്ച് കോയമ്ബത്തൂർ കെജി ചാവടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത കാർ തൃശൂർ ഭാഗത്തേക്കാണ് പോയത് എന്നാണ് അറിയുന്നത്. ശനിയാഴ്ച വൈകീട്ട് കാർ തടയാൻ ഉപയോഗിച്ച ടിപ്പർ ലോറി പൊലീസ് പിടികൂടി. എന്നാല്‍ ലോറിയില്‍ ഉണ്ടായിരുന്നവർ പൊലീസ് പിൻതുടരുന്നതു കണ്ട് ഇറങ്ങി ഓടി. ടിപ്പർ ലോറി ജോയ്സണ്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ്, തട്ടിയെടുത്ത കാറിന് പുറകില്‍ വന്നിരുന്ന വാഹനങ്ങളിലെ കാമറകള്‍ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.