12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, നവജാതശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ പ്രതികള്‍ അറസ്റ്റില്‍; കുഴികള്‍ തുറന്ന് പരിശോധിക്കും

പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അവിവാഹിതരായ മാതാപിതാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ആമ്ബല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്ബില്‍ അനീഷ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇരുപ്രതികളെയും ഇന്നലെ ആമ്ബല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട കുഴികള്‍ മാന്തിയുള്ള പരിശോധനയും ഇന്നു നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുക.

2021-ല്‍ ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിനോട് ചേർന്നാണ് കുഴിച്ചുമൂടിയത്. 2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയില്‍ വച്ച്‌ രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. ആ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. രണ്ടു കൊലപാതകങ്ങള്‍ക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി കർമ്മം ചെയ്യാനായി സൂക്ഷിച്ചത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.

അടുത്തിടെ അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിക്കുകയും, മറ്റൊരാളെ വിവാഹം കഴിക്കാൻ നീക്കം നടക്കുന്നതും ഭവിൻ അറിഞ്ഞതാണ് പ്രശ്നങ്ങള്‍ ഉടലെടുക്കാൻ കാരണമായത്. ഇതിനെത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം വലിയ വഴക്കുണ്ടായി. പിന്നാലെയാണ് ഭവിന്‍ മദ്യലഹരിയില്‍ അസ്ഥികള്‍ സൂക്ഷിച്ച സഞ്ചിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

Previous Post Next Post