നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11,005 വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ആര്യാടൻ ഷൗക്കത്ത് - 76,666 എം.സ്വരാജ് – 65,661 പി.വി. അൻവർ - 19,593 മോഹൻ ജോർജ് - 8,536
അമരമ്പലത്തും എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. ഒപ്പത്തിനൊപ്പം പിടിച്ച് യുഡിഎഫ് മുന്നേറി. ഇതോടെ മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.
അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്ന് വ്യക്തമാക്കി നിലമ്പൂരിലെ അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ മകൾ നന്ദന. അച്ഛാ നമ്മൾ ജയിച്ചൂട്ടോ എന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.
നിലമ്പൂരിൽ ഏറെക്കുറെ ത്രികോണ പോര് നടന്നപ്പോൾ എൽഡിഎഫിന് പത്ത് കൊല്ലമായി തങ്ങൾ കൈവശം വെച്ചിരുന്ന സീറ്റാണ് നഷ്ടമായത്. ഭരണ വിരുദ്ധ വികാരം ശക്തമെന്ന സൂചനയാണ് ഫലം ചൂണ്ടിക്കാട്ടുന്നത്. പിവി അൻവർ 13 ശതമാനത്തിലേറെ വോട്ട് നേടിയിട്ടും മണ്ഡല പുനർനിർണയത്തിന് ശേഷമുള്ള മികച്ച ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് ക്യാംപ് നീങ്ങുന്നത്. എൽഡിഎഫ് കോട്ടകളിൽ വിള്ളൽ ഉണ്ടായെന്നാണ് വോട്ടുകണക്ക് വ്യക്തമാക്കുന്നത്. കരുളായി, പോത്തുകല്ല് പഞ്ചായത്തുകളിൽ എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ഇടിവുണ്ടായി. മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യവും നഷ്ടമായി.
എം സ്വരാജ്:'' വിജയിക്ക് അഭിനന്ദനങ്ങൾ. കുറഞ്ഞ കാലമെന്ന് നിലയിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ. ജനങ്ങളേയും നാടിനേയും ബാധിക്കുന്ന പ്രശ്‌നമാണ് ഞങ്ങൾ ഉയർത്തിക്കൊണ്ടു വന്നത്. വികസന കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും. ഈ തെരഞ്ഞെടുപ്പിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായി മുന്നോട്ടു പോകും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അംഗീകരിച്ചാൽ ഈ സർക്കാരിനെ ജനങ്ങൾ തള്ളിപ്പറഞ്ഞു എന്ന് പറയേണ്ടി വരും. എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല.''
