'ആ 10 മിനിറ്റുകള്‍... ദുരന്തമറിഞ്ഞ് ഞാന്‍ നടുങ്ങി, ശരീരം മുഴുവന്‍ വിറയ്ക്കുകയായിരുന്നു'

'ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍ ഞാനാകെ നടുങ്ങിപ്പോയി. എന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു'- അഹമ്മദാബാദ് വിമാന ദുരന്തത്തിനു (Air India Flight Crash) പിന്നാലെ ഭൂമി ചൗഹന്റെ (Woman Passenger) പ്രതികരണം ഇതായിരുന്നു.

ഭൂമിയും ഭര്‍ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്‍ഷത്തിനു ശേഷമാണ് അവര്‍ നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്‍ത്താവ് നിലവില്‍ ലണ്ടനില്‍ തന്നെയാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.

ആ പത്ത് മിനിറ്റുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്‍ക്കുന്നു. ഈശ്വരന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില്‍ ജീവനിപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ പോകേണ്ടിയിരുന്ന ഒരു യാത്രക്കാരിയാണ് ഭൂമി. പത്ത് മിനിറ്റ് താമസിച്ചതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല.

വിമാനം കിട്ടാതെ വന്നതിനു പിന്നാലെയാണ് ദുരന്ത വാര്‍ത്ത കേട്ടത്.

'യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്നു പോയി. എന്റെ ശരീരം അക്ഷരാര്‍ഥത്തില്‍ വിറയ്ക്കുകയായിരുന്നു. എനിക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള്‍ എന്റെ മനസ് പൂര്‍ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നു.'

'ഒരു ദൈവീക ഇടപെടല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഗണപതി ഭഗവാന്‍ എന്റെ ജീവന്‍ രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില്‍ സമയത്തിനു എത്താന്‍ സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്നു പോലും എനിക്കു മനസിലാകുന്നില്ല'- യാത്ര മുടങ്ങി ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ ഭൂമി പറഞ്ഞു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്നു ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല്‍ കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം കണ്ട് ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.

ഹോസ്റ്റല്‍ മെസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മെസില്‍ എത്തിയ സമയത്തായിരുന്നു അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ താഴ്ന്ന് പറന്ന് എത്തിയ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ വാര്‍ത്താഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദിലെ മേഘാനിനഗര്‍ പ്രദേശത്തെ ബിജെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സിന് മുകളിലായിരുന്നു വിമാനം വീണത്. അപകടത്തില്‍ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തില്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും തീപിടിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വലിയൊരു ശബ്ദമായിരുന്നു ആദ്യം കേട്ടത്. ഓടിയെത്തിയപ്പോള്‍ പ്രദേശമാകെ വലിയ പുകമൂടിയ നിലയില്‍ ആയിരുന്നു. അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. അതിനിടയില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു എന്ന് മറ്റൊരു ദൃക്സാക്ഷിയും ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post