ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 20ന് നടത്താൻ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകൾ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചത്.
14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നൽകിയിരിക്കുന്നത്. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുംപിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് സിഐടിയു ചൂണ്ടിക്കാട്ടി.