കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരുവനന്തപുരം - ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്.
തിരുവനന്തപുരം നോര്‍ത്ത് - ബംഗളൂരു എസ്‌എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. വൈകീട്ട് 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരുവിലെത്തുന്ന സര്‍വീസാണ് വരാന്‍ പോകുന്നത്.
പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ രേഖാമൂലമുള്ള ഉറപ്പാണ് ലഭിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എറണാകുളം, പാലക്കാട് വഴിയുള്ള വന്ദേ ഭാരത് സര്‍വീസ് ആണ് മലയാളികള്‍ കാലങ്ങളായി ആഗ്രഹിക്കുന്നത്. നേരത്തെ വന്ദേ ഭാരത് ട്രെയിന്‍ കൊണ്ടുവരാനാണ് ശ്രമിച്ചതെങ്കില്‍ സ്ലീപ്പര്‍ ട്രെയിന്‍ ഇറങ്ങിയതോടെ അതിനായി കേരളം ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ബംഗളൂരു വിശ്വേശ്വരയ്യാ ടെര്‍മിനലില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലാകും വന്ദേ ഭാരത് സ്ലീപ്പറിന്റെ സര്‍വീസ് എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വൈകുന്നേരം 7:30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ കോട്ടയം വഴി ബംഗളൂരുവില്‍ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം റെയില്‍വേ ബോര്‍ഡിലേക്ക് അന്തിമംഗീകരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് നടത്തിയ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമയക്രമത്തിലെ അപാകത മൂലം ബെംഗളൂരു - എറണാകുളം സര്‍വീസിന് താരതമ്യേന ആളുകള്‍ കുറവായിരുന്നു. എന്നാല്‍ ഈ സര്‍വീസ് നീട്ടാനോ, സ്ഥിരപ്പെടുത്താനോ റെയില്‍വേ തയ്യാറായിരുന്നില്ല.
തിരുവനന്തപുരത്തിനും ബംഗളൂരുവിനും ഇടയില്‍ രാത്രികാല വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടുകൂടി ബംഗളൂരുവില്‍ പഠനാവശ്യത്തിനും തൊഴിലിനുമായി പോകുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇത് പ്രയോജനപ്പെടും. ട്രെയിന്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുന്നതിനായി ഈ മാസം അവസാനം റെയില്‍വേ മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള കേന്ദ്ര റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ആവശ്യം ഉന്നയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.