കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരിക്കുന്നതിന്റെ തൊട്ടുമുൻപത്തെ ദിവസവും കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നടുക്കുന്ന വിവരങ്ങളാണ് വെളിപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നു.
കുട്ടി നിരന്തരം ശാരീരിക പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ കുട്ടിയെ ഉപയോഗിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകളും മുറിവുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഒന്നര വർഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിരവധി തവണ കുട്ടി ശാരീരികമായ പീഡനത്തിന് ഇരയായിരുന്നു. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. വീടിനുള്ളിൽ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറൽ എസ്പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ റൂറൽ എസ്പി ഹേമലത നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം നീണ്ടത്.
ഈ അടുത്ത ബന്ധുക്കളോടാണ് കുട്ടിക്ക് ഏറ്റവും അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ, ബന്ധമില്ലെന്ന് കണ്ട് രണ്ടുപേരെ വിട്ടയച്ചു. മറ്റുള്ളവർ നൽകിയ മൊഴിയുടേയും മറ്റും അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാർ നടത്തിയ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്.
അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ അലമുറയിട്ടു കരഞ്ഞത് പ്രതിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്ന്, കുട്ടി പടിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപിക പറഞ്ഞു. കേസിൽ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിന് പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറൽ എസ്പി എം ഹേമലത നിയോഗിച്ചിട്ടുണ്ട്.