മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂർ ദേശീയ പാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. നിർമാണത്തിലെ പോരായ്മകൾ നേരത്തെ ഉന്നയിച്ചതാണെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ പറഞ്ഞു. വികസനസമിതി യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചാൽ ഇത് വ്യക്തമാകും. മഴ പെയ്താൽ ഇരുവശത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.