സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിങ്, ഉടന്‍ മോദിയെ കാണും; ഏഴു ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് എന്നിവര്‍ പങ്കെടുത്തു.

വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിന്റെയും തുടര്‍ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. യോഗശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും പ്രതിരോധമന്ത്രിക്കൊപ്പം മോദിയെ കാണാനെത്തും. ഇതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വ്യാഴാഴ്ചയുണ്ടായ പാക് ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും അടക്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ വരെ നിരീക്ഷിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ സ്ഥിതി വിലയിരുത്താനായി കേന്ദ്രമന്ത്രി അമിത് ഷായും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ബിഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, ആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ മേധാവിമാരുടെ യോഗമാണ് അമിത് ഷാ വിളിച്ചിട്ടുള്ളത്.

ജമ്മുവില്‍ ഏഴു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ സാംബയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ബിഎസ്എഫ് തകര്‍ത്തിട്ടുണ്ട്. ഉറിയിലും പൂഞ്ചിലുമുണ്ടായ പാക് ഷെല്ലാക്രമണത്തിൽ രണ്ട് ​ഗ്രാമീണർ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലെ ആശുപത്രിയിലെത്തി പാക് ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും. രാജ്യത്തുടനീളം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചണ്ഡീഗഡിലും പട്യാലയിലും എയര്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Previous Post Next Post