കോട്ടയം: ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങി ക്രിസ്ത്യൻ നേതാക്കൾ. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യവിന്റെ നേതൃത്വത്തിലാണ് നീക്കം. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയാണ് രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നത്.
കോട്ടയത്ത് ഈരയിൽ കടവിൽ ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് സംഘടനയുടെ പ്രഖ്യാപനം നടക്കുക. സംഘടനയുടെ പ്രഥമ സമ്മേളനം കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളി യോഗത്തിൽ പങ്കെടുക്കും.
പാർട്ടി രൂപവത്കരണത്തിന് മുന്നോടിയായി കേരള ഫാർമേഴ്സ് ഫെഡറേഷൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെന്നാണ് വിവരം. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുനമ്പം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കാനാണ് ബിജെപി ശ്രമം.