രാത്രി മുഴുവന്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി; 'ഭാരത് മാതാ കീ ജയ്' എന്ന് രാജ്‌നാഥ് സിങ്ങ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവന്‍ സ്ഥിഗതികള്‍ നിരീക്ഷിച്ചിരുന്നു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ നിരന്തരം വിവരം അറിയിച്ചുകൊണ്ടിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മില്‍ ഒന്നിലേറെ തവണ ആശയവിനിമയങ്ങള്‍ നടന്നിരുന്നു. സൈനിക ആക്രമണത്തിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്നു സേനാമേധാവിമാരെയും വിളിച്ച് സ്ഥിതിഗതികള്‍ തിരക്കി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭാരത് മാതാ കീ ജയ് എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.

പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. നാല് ലഷ്‌കര്‍ ഇ തയ്ബ കേന്ദ്രങ്ങളും മൂന്ന് ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളും ആക്രമിച്ചവയില്‍ ഉള്‍പ്പെടുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പൂരിലെ, ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ പ്രധാന കേന്ദ്രവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

Previous Post Next Post