പയ്യന്നൂരിൽ ക്രൂര മർദ്ദനമേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന വയോധിക മരിച്ചു; പേരമകൻ അറസ്റ്റിൽ

കണ്ണൂർ : പയ്യന്നൂർ കണ്ടങ്കാളിയിൽ പേരമകൻ്റെ ക്രൂരമർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്ത്യായനി (88) യാണ് മരിച്ചത്. ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കാർത്ത്യായനി ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് മരിച്ചത്.


ഈ മാസം 11 ന് ഉച്ചയ്ക്കാണ് കാർത്ത്യായനി അമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റി.


കുളിമുറിയിൽ നിന്നും അബദ്ധത്തിൽ തെന്നിവീണ് പരിക്കേറ്റുവെന്നായിരുന്നു വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരുടെ ദേഹത്ത് മർദ്ദനത്തിൻ്റെയും ചവിട്ടേറ്റതിൻ്റെയും തല ചുമരിലിടിച്ചതിൻ്റെയും ക്ഷതങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളേജ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പയ്യന്നൂർ പൊലീസ് കാർ‌ത്ത്യായനിയെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.


കുടുംബസ്വത്ത് വീതം വെച്ചച്ചോൾ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത് മകൾ ലീലയായിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നൽകി. പിന്നീട് അവർ ആ വീട് വാടകക്ക് നൽകി ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് താമസം മാറി. പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു. റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ, കാർത്യായനിയെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു അക്രമിച്ചുവെന്നാണ് കേസ്.


പൂക്കുടി ചിണ്ടനാണ് കാർത്ത്യായനിയുടെ ഭർത്താവ്. ലീല, പരേതനായ ഗംഗാധരൻ എന്നിവരാണ് കാർത്ത്യായനിയുടെ മക്കൾ. കാർത്ത്യായനിയുടെ മരണ വാർത്ത സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതി റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം വ്യാഴാഴ്ച രാവിലെ അറസ്റ്റു രേഖപ്പെടുത്തി. കൈ പിടിച്ച്‌ തിരിച്ചതിനെ തുടർന്ന് വയോധികയുടെ കയ്യിലെ തൊലി ഉരിഞ്ഞുപോയിരുന്നു. നേരത്തെ റിജുവിനെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു കണ്ടങ്കാളിയിലെ വീട് അജ്ഞാതർ തകർത്തിരുന്നു.

Previous Post Next Post