സൈഡ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി, രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയിൽ രാത്രിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന സിഐഎസ്എഫ് എസ്‌ഐ വിനയ്കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരുടെ പേരിലാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. തർക്കത്തിന് പിന്നാലെ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.


നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. അതിനിടെ ഐവിൻ മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. ഇതിന് പിന്നാലെ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്‌ഐആറിൽ പറയുന്നു. ഇത്തരത്തിൽ ഒരു കിലോമീറ്റർ ദൂരമാണ് കാർ സഞ്ചരിച്ചത്. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുന്ന നിലയിലായിരുന്നു ഐവിൻ എന്നും നാട്ടുകാർ പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടൽ ജീവനക്കാരനാണ് ഐവിൻ.

സംഭവത്തിൽ നെടുമ്പാശേരി പൊലീസ് ആണ് രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മർദ്ദനമേറ്റ വിനയ്കുമാർ ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ കടന്നുകളഞ്ഞ മോഹനെ രാവിലെ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. അതിനിടെ ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തർക്കിക്കുന്ന സിസിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചശേഷം യുവാവിനെ വലിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Previous Post Next Post