ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ഐവിന്‍ ജിജോയെ പ്രതികള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി.
ഐവിനെ ഇടിച്ചു ബോണറ്റില്‍ വീഴ്ത്തിയ ഇവര്‍ ഒരു കിലോമീറ്ററോളം അതിവേഗത്തില്‍ സഞ്ചരിച്ചു. അതിന് ശേഷം സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വെച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചെങ്കിലും ഐവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്ബാശേരിയില്‍ വിമാനക്കമ്ബനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്‍, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്ബാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്. ബോറണറ്റിലേയ്ക്ക് തെറിച്ച് വീണിട്ടും കാര്‍ നിര്‍ത്താതെ ഒരു കിലോമീറ്ററോളം അതി വേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു.
അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോ (24) കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരുക്കിനെത്തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വാഹനം ഓടിച്ചിരുന്ന സിഐഎസ്‌എഫ് എസ്‌ഐ വിനയ് കുമാര്‍ ദാസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തേ വിനയ് കുമാര്‍ ദാസിന്റേയും മോഹന്‍ കുമാറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഐവിന്റെ സംസ്‌കാരം നടക്കും.