വിമാനത്താവളം ലക്ഷ്യമിട്ട് പാക് പ്രകോപനം; യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; ജമ്മുവിലും അമൃത്സറിലും ബ്ലാക്ക് ഔട്ട്‌; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നു;

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഡ്രോണ്‍, മിസൈല്‍ ആക്രമണശ്രമമാണ് സേന തകര്‍ത്തത്.
ഒന്‍പത് ഡ്രോണുകള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വീടുകളിലെ വെളിച്ചം അണയ്ക്കാനും സൈന്യം നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി.

ജമ്മുവിലെ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണശ്രമമെന്നാണ് സൂചന. കൂട്ടത്തോടെ മിസൈലുകളും ഡ്രോണുകളും വിട്ടായിരുന്നു പാക് ആക്രമണം. ഇത് യഥാസമയം നിര്‍വീര്യമാക്കാന്‍ സേനക്ക് കഴിഞ്ഞു, പത്താന്‍കോട്ട്, സാംബ, അഖ്‌നൂര്‍ മേഖലകളിലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍എസ്പുര മേഖലയില്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും വിവരമുണ്ട്.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം. പാക്കിസ്ഥാന്റെ എച്ച്‌ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച്‌ തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
രാവിലെ ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചിരുന്നു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ - ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Previous Post Next Post