ഇന്നും നാളെയും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകൡലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുളളത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

തെക്കന്‍ ആന്‍ഡമാന്‍ കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവയുടെ ചില മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള 3 മുതല്‍ 4 ദിവസത്തിനുള്ളില്‍, തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും, ആന്‍ഡമാന്‍ കടലിന്റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത .

Previous Post Next Post