'ജോലി തടസ്സപ്പെടുത്തി'; ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ

പത്തനംതിട്ട: കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. വനംവകുപ്പ് ഓഫീസിൽ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.


പത്തനംതിട്ട കോന്നി കുളത്തു മണ്ണിൽ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാർ വനംവകുപ്പ് ഓഫീസിൽ എത്തി മോചിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ എംഎൽഎ എത്തി ബലമായി ഇറക്കി കൊണ്ടു പോകുകയായിരന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജനീഷ് കുമാർ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം. സംഭവത്തിൽ മൂന്ന് പരാതികളാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ വനം വകുപ്പ് നൽകിയത്. അതേസമയം പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാർ എംഎൽഎയുടെ വാദം. സംഭവത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശപ്രകാരമുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസവേറ്റർക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ സിപിഎം എൽഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post