ന്യൂഡൽഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കുന്നതിനായി നിരവധി രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് എന്നും ദേശീയതാത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാടിനെയാണ് എതിർക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉൾപ്പടെ അടങ്ങുന്ന സംഘത്തിന്റെ ഭാഗമാകുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതായും കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ നടത്തിയ സർവകക്ഷിയോഗത്തിന് അധ്യക്ഷം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ലെന്നും ജയറാം രമേഷ് പറഞ്ഞു. ഇപ്പോൾ പാക് ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് അറിയിക്കാൻ വിദേശത്തേക്ക് പ്രതിനിധികളെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കോൺഗ്രസ് എന്നും ദേശീയ താത്പര്യത്തിനൊപ്പമാണ്. ബിജെപിയെ പോലെ ദേശീയതയെ രാഷ്ട്രീയവത്കരിക്കാറില്ലെന്നും അതിനാൽ തന്നെ കോൺഗ്രസ് ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് ജയറാം രമേഷ് പറഞ്ഞു.
ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ പാക് ഭീകർ നടത്തിയ ആക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ തിരിച്ചടിയായി മേയ് ഏഴിന് നടത്തിയ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥന്റെ ഒൻപത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും കൊലപ്പെടുത്തി. വളരെ ആസൂത്രിതമായിട്ടായിരുന്നു ഇന്ത്യൻ ആക്രമണം.