ദേശീയ സുരക്ഷ മുൻനിർത്തി തുർക്കിയിലെ ഇനോനു സർവകലാശാലയുമായുണ്ടാക്കിയ കരാർ താത്ക്കാലികമായി റദ്ദാക്കിയെന്ന് ജെഎൻയു എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. കൂടാതെ ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു സർവകലാശലകളും കരാറിൽ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി വരെയാണ് കരാർ കാലാവധി ഉണ്ടായിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ചു മൂന്നരമാസത്തിനിടെ കരാർ റദ്ദാക്കുകയായിരുന്നു.
കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ തിരിച്ചടിക്ക് പിന്നാലെ തുർക്കി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാകിസ്ഥൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ തുർക്കിയുടെതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നിരുന്നു. കൂടാതെ പാക് സൈന്യത്തിന് തുർക്കിയിൽ നിന്ന് വിദഗ്ധോപദേശം ലഭിച്ചിരുന്നുവെന്നും സൂചനകളുണ്ട്. അതിനിടെ ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടര്‍ക്കിഷ് മാധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു.