ന്യൂനമര്‍ദ്ദം തീവ്രമായി, പടിഞ്ഞാറന്‍ കാറ്റ് ശക്തം, അഞ്ചുദിവസം വ്യാപക മഴ; അഞ്ചുനദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്, കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രി യാത്രാനിരോധനം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ( kerala rain) തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കാലവർഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദമാണ് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. തുടർന്ന് ഉച്ചയ്ക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ അതിതീവ്രമഴ തുടരുന്നത്.


ഇന്നും നാളെയും (മെയ് 29,30) ഒറ്റപ്പെട്ട അതി തീവ്രമായ മഴയും ഇന്നുമുതൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രളയ സാധ്യത മുന്നറിയിപ്പ്


പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ചും കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ വയനാട് ജില്ലയിലെ കബനി എന്നി നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ എന്നി സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി


ഗതാഗതം നിയന്ത്രിച്ചു


ഇടുക്കി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയും ഗ്യാപ് റോഡ് വഴിയും ഉള്ള രാത്രി ഗതാഗതം ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. രാത്രി ഏഴുമണി മുതലുള്ള ഗതാഗത നിരോധനം വെള്ളിയാഴ്ച വരെ തുടരുമെന്നും ജില്ലാ കലക്ടറുടെ അറിയിപ്പിൽ പറയുന്നു.

Previous Post Next Post