തൃശൂർ: കനത്ത മഴയെത്തുടർന്ന് തൃശൂർ എംജി റോഡിൽ പ്രവർത്തിക്കുന്ന ദേവി ഏജൻസീസ് വീട്ടുവളപ്പിലെ റിലയൻസ് ഷോപ്പിൽ നിന്ന് വലിയ ബോർഡ് കാറ്റത്ത് വീണു. ഇന്നലെ എംഒ റോഡിൽ കൂറ്റൻ ഇരുമ്പ് മേൽക്കൂര പറന്നു വീണിരുന്നു.
കഴിഞ്ഞദിവസം ജനത്തിരക്കേറിയ എംഒ റോഡിലേക്ക് ഇരുമ്പു മേൽക്കൂര പറന്നുവീണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കൗൺസിലർമാർ കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു.
കോർപ്പറേഷൻ കെട്ടിടത്തിലെ ഇരുമ്പ് മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് സെക്രട്ടറി ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
സംഭവം നടന്നതിന് പിറ്റേ ദിവസം ശേഷം മേയർ കോർപ്പറേഷനിൽ വരാതിരിക്കുകയും സംഭവത്തിൽ റിപ്പോർട്ട് തേടാൻ സെക്രട്ടറി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തത് ലാഘവബുദ്ധിയോടെ കാര്യങ്ങൾ കാണുന്നതുകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയറും സെക്രട്ടറിയും ഒരേ സ്വരത്തിൽ അപകടാവസ്ഥ നേരത്തെ ശ്രദ്ധയിൽ പെട്ടില്ലെന്ന് പറയുന്നതും ഗൂഢാലോചനയുടെ ഭാഗമായാണെന്നും ആരോപിച്ചു.
ഇന്നലെ ഉച്ചയോടെ ഉണ്ടായ കാറ്റിലാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിൽ നിന്നും ആയിരം സ്‌ക്വയർഫീറ്റു വരുന്ന ഇരുമ്പിന്റെ കൂറ്റൻ മേൽക്കൂര എംഒ റോഡിലേക്ക് പറന്നുവീണത്. ഏറ്റവും ജനത്തിരക്കേറിയ ഭാഗമായിരുന്നു ഇത്. മഴകാരണം ആളുകൾ ഒഴിഞ്ഞതിനാൽ വൻദുരന്തമാണ് ഒഴിവായത്.