പാര്‍ട്ടിക്ക് ഒരു ചുക്കുമില്ല, ഇഡിയുടേത് ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടും: എം വി ഗോവിന്ദന്‍


കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ  ഇഡിയുടേത് ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎമ്മിനേയും പാർട്ടിയുടെ സമുന്നത നേതാക്കന്മാരെയും കുറ്റപത്രത്തിന്റെ ഭാഗമായി ചേർത്ത് കേസിൽ പ്രതികളാണെന്ന് വരുത്തിത്തീർക്കാനും പ്രചാരണം നടത്താനുമുള്ള ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണിത്.

ഇഡി രണ്ടുമൂന്നു കാര്യങ്ങളാണ് നിർവഹിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയപാർട്ടി നേതാക്കന്മാർക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുന്നു. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകൾ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ ഇഡി രക്ഷപ്പെടുത്തുന്നു. തൃശൂരിലെ കുഴൽപ്പണ ഇടപാടിലെ ബിജെപി- ആർഎസ്എസ് നേതാക്കളെ ഇതേ ഇഡി തന്നെയാണ് രക്ഷപ്പെടുത്തിയത്. ഇതുകൂടാതെ സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക. ഈ മൂന്നു കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.


കഴിഞ്ഞ 10 കൊല്ലത്തിനിടെ ഇഡി 193 കേസുകൾ എടുത്തതായി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ രണ്ടു കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കി മുഴുവൻ കേസുകളും ഒഴിവാക്കപ്പെടുന്നു എന്നത് രാഷ്ട്രീയ പ്രേരിതമായി പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഒരു തെളിവുമില്ലാതെ കേസെടുക്കുന്നതു കൊണ്ടാണ്. ഇതുപോലെ സിപിഎമ്മിനെതിരെ ശക്തമത്തായ കള്ളക്കഥ തയ്യാറാക്കി കേസ് കൈകാര്യം ചെയ്യുന്നു എന്നതാണ് ഇഡിയുടെ മുഖമുദ്ര. ഇത് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.


കരുവന്നൂർ കേസിന്റെ ഭാഗമായി തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പാർട്ടി വെറുതെ വിട്ടിട്ടില്ല. എന്നാൽ പാർട്ടിയുടെ മേൽ കെട്ടിവെക്കാനായി പാർട്ടിയെ പ്രതിയാക്കുക, പാർട്ടി മുൻ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നു നേതാക്കളെ പ്രതിയാക്കുക, എന്നിങ്ങനെ ഇല്ലാക്കഥയുണ്ടാക്കി ഇടതുമുന്നണിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കിൽ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. ഇതിനെ ജനകീയമായ പിന്തുണയോടെ നേരിടും രാഷ്ട്രീയമായും നിയമപരമായും ഇഡി കേസിനെ നേരിടും. എം വി ഗോവിന്ദൻ പറഞ്ഞു.


ഇതുകൊണ്ട് സിപിഎമ്മിനെയോ ഇടതുജനാധിപത്യ മുന്നണി സർക്കാരിനെയോ ഏതെങ്കിലും തരത്തിൽ പോറലേൽപ്പിക്കാൻ ആകുമെന്ന ഒരു ധാരണയും ഇഡിക്കോ കേന്ദ്രസർക്കാരിനോ വേണ്ട. ഈ ഗൂഢാലോചന കേരളത്തിലുടനീളം ജനങ്ങൾക്കിടയിൽ ശക്തമായി തുറന്നുകാട്ടും. ഇതുകൊണ്ടൊന്നും വോട്ടൊന്നും മാറിപ്പോകില്ല. കള്ളത്തരം പ്രചരിപ്പിക്കാനും, കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കാനും തയ്യാറാകുന്ന ഏജൻസിയാണ് ഇഡിയാണെന്ന് ആർക്കാണ് ആർക്കാണ് അറിയാൻ പാടില്ലാത്തതെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.


ഭയങ്കര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചിലർ പറയുന്നു. ഒരു ചുക്കും ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പല്ല, ഏതു സാഹചര്യത്താലും. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. നിലമ്പൂരിലെ ഇടതു സ്ഥാനാർത്ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നാണ് താൻ പറഞ്ഞിട്ടുള്ളത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഒരു ബന്ധവുമില്ല. ഏഴുദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. സർപ്രൈസ് ഉണ്ടോയെന്ന് പ്രഖ്യാപിക്കുമ്പോൾ മനസ്സിലാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎമ്മിനേയും മുതിർന്ന നേതാക്കളേയും പ്രതികളാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എംപി, എം എം വർഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികളുടെ എണ്ണം 83 ആയി. സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികൾ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പ്രതികളുടെ സ്വത്തുവകകളിൽ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.


സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന


അനീതി നിറഞ്ഞതും രാഷ്ട്രീയ പ്രേരിതവുമായ കുറ്റപത്രമാണ് കരുവന്നൂർ കേസിൽ ഇ ഡി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കുറ്റപത്രത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്നവരെ ഉൾപ്പെടുത്തിയത്. മാതൃകാപരമായ പൊതുജീവിതം ഉള്ള നേതാക്കളെ കേന്ദ്ര ഏജൻസി കരിയടിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.


കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽപ്പെട്ട് ജനസമക്ഷം അവഹേളിതമായിരിക്കുന്ന സമയത്ത് വാർത്തകൾ വഴി തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമം കൂടിയാണ് ഇപ്പോഴത്തെ കുറ്റപത്രം. കൊടകരയിൽ ബിജെപി ഇറക്കിയ 34 കോടിയുടെ കുഴൽ പണ കേസിന്റെ കുറ്റപത്രത്തിൽ ബി ജെ പി യെ ഒഴിവാക്കിയ അതേ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഇത്തരത്തിൽ നീതിയെ ബലികഴിക്കുന്ന റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതിനെ നിയമപരവും രാഷ്ട്രീയവുമായി സി പി എം നേരിടുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

Previous Post Next Post