ചെന്നൈ: തമിഴ് സൂപ്പർ താരം കമൽ ഹാസൻ കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ വിവാദം. മണിരത്‌നം - കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിന്റെ പ്രമോഷൻ പരിപാടിയിൽ ആയിരുന്നു പരാമർശം. 'നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്' എന്ന കമലിന്റെ നിലപാടിനെതിരെ കന്നഡ സംഘടനകളും കർണാടക ബിജെപി നേതാക്കളും രംഗത്തെത്തി.
കമൽ ഹാസനെതിരെ കന്നഡ അനുകൂല സംഘടനകൾ ബംഗളൂരുവിൽ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ കീറിക്കൊണ്ട് പ്രതിഷേധിച്ചു. കമൽ ഹാസൻ നടത്തിയത് നിലവാരമില്ലാത്ത പ്രതികരണമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ വിജയെന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി. കമൽ ഹാസൻ കന്നഡയെ അപമാനിച്ചു. നടൻ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി കന്നഡയെ ഇകഴ്ത്തി സംസാരിച്ച കമൽ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കമൽ ഹാസനെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. കമൽ ഹാസന് കന്നഡയുടെ ചരിത്രത്തെ കുറിച്ച് ബോധ്യമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 'കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമൽ ഹാസന് അതറിയില്ല'. എന്നായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ വാക്കുകൾ.
കമൽ ഹാസന്റെ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തി. 'കന്നഡയ്ക്കും കന്നഡിഗർക്കുമെതിരെ സംസാരിച്ചാൽ സിനിമ നിരോധിക്കേണ്ടി വരുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,' എന്ന് കർണാടക രക്ഷണ വേദി നേതാവ് പ്രവീൺ ഷെട്ടി പ്രതികരിച്ചു.
'എന്റെ ജീവനും എന്റെ കുടുംബവും തമിഴ് ഭാഷയാണ്' എന്നർഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാക്കുകളോടെയാണ് ചെന്നൈയിൽ നടന്ന പരിപാടിയിൽ കമൽ ഹാസൻ പ്രസംഗം ആരംഭിച്ചത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധ ചെയ്തുകൊണ്ട് സംസാരിച്ച കമൽ പിന്നാലെയായിരുന്നു കന്നഡ ഭാഷയെക്കുറിച്ച് പരാമർശം നടത്തിയത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്, അതിനാൽ നിങ്ങളും ഇതിൽ ഉൾപ്പെടുന്നു.'- എന്നായിരുന്നു കമൽ ഹാസന്റെ പരാമർശം.