തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ വേദിയിലെത്തി സ്ഥാനം പിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഏതാണ്ട് പത്തുമണിയോടെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരുപ്പുറപ്പിച്ചു. ഈ സമയം വേദിയില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
സദസ്സിലിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അൽപ്പത്തരമല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.
വിഴിഞ്ഞം തുറമുഖ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ മന്ത്രി വി എന്‍ വാസവന്‍ എന്നീ മൂന്നുപേര്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ഗവര്‍ണര്‍ അടക്കം വേദിയിലുള്ളവര്‍ക്ക് പ്രസംഗിക്കാന്‍ അവസരമില്ല. മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും വേദിയില്‍ സീറ്റില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മാത്രമാണ് വേദിയില്‍ സീറ്റ് അനുവദിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന് വേദിയില്‍ സീറ്റ് അനുവദിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.