ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ സജ്ജം; പാകിസ്ഥാന്‍ പ്രകോപിപ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും; മുന്നറിയിപ്പ്

ശ്രീനഗര്‍: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും സിന്‍ഹ പറഞ്ഞു.

ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി ജില്ലകള്‍ക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്ഥാന്‍ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മറുപടി നല്‍കുമെന്ന് പാക് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നടപടികള്‍ മറ്റുരാജ്യങ്ങളെ അറിയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്ക, യുകെ, സൗദി അറേബ്യ, യുഎഇ, ജപ്പാന്‍, റഷ്യ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് അജിത് ഡോവല്‍ വിവരങ്ങള്‍ ധരിപ്പിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ വിദേശകാര്യ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവുമായും അദ്ദേഹം സംസാരിച്ചു.

Previous Post Next Post