'നാഡിയില്‍ കടിയേറ്റത് ഗുരുതരാവസ്ഥ ഉണ്ടാക്കി; വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചിരിക്കാം'

തിരുവനന്തപുരം: വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം പേ വിഷബാധയേറ്റ കുട്ടി മരിക്കാനുള്ള കാരണമെന്ന് കരുതുന്നതായി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍. പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഫലപ്രദമാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. നായയുടെ പല്ല് നാഡിയില്‍ പതിച്ചതാകാം വൈറസ് തലച്ചോറില്‍ എത്താന്‍ കാരണമെന്നും ഡിഎംഇയും എസ്എടി സൂപ്രണ്ട് ഡോ എസ് ബിന്ദുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'വാക്‌സിന്‍ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുന്‍പ് തന്നെ വൈറസുകള്‍ തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കുട്ടിക്ക് സംഭവിച്ചത് ഇതാകാം. കുട്ടിയെ കടിച്ചിരിക്കുന്നത് ആഴത്തിലാണ്. നാഡിയില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്‌സിന്റെ ഗുണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇത് തലച്ചോറില്‍ എത്താം. റാബിസ് വൈറസ് നാഡി വഴി തലച്ചോറിലും നട്ടെല്ലിലും എത്തുന്ന വൈറസ് ആണ്. മുഖം, കഴുത്ത്, കൈ എന്നിവിടങ്ങള്‍ നാഡിയുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇവിടെ നായയുടെ ആക്രമണം ഉണ്ടായാല്‍ ഡയറക്ട് ആയി നാഡിയില്‍ കടി കിട്ടാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് വൈറസ് പ്രോഗസ് ചെയ്യുകയാണ് ചെയ്യുന്നത്. 50 മുതല്‍ 100 മില്ലി മീറ്റര്‍ വെച്ചിട്ടാണ് ഈ വൈറസ് പ്രോഗസ് ചെയ്ത് തലച്ചോറിലും നട്ടെല്ലിലും എത്തുന്നത്. വാക്‌സിന്‍ ആക്ട് ചെയ്യാന്‍ അല്‍പ്പം സമയമെടുക്കും. നാഡിയില്‍ കടിയേല്‍ക്കുക എന്നത് അപൂര്‍വ്വ സംഭവമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് സംഭവിക്കാം'- ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്ക് ക്വാ റന്‍റൈന്‍ ആവശ്യമില്ല എന്നും ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍മാര്‍ പറഞ്ഞു.

'കുട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ച് കൈയിലും മുഖത്തും കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടിയുടെ അമ്മ പറയുന്നത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത് എന്നാണ്. പട്ടിയുടെ പല്ല് നേരിട്ട് നാഡിയിലേക്ക് പതിക്കുകയാണെങ്കില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്‌സിന്‍ കൊണ്ടുള്ള ആന്റിബോഡി ഉപയോഗിച്ച് വൈറസിനെ തടയാന്‍ സാധിക്കില്ല. കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുന്നത്. വാക്‌സിന്‍ കൊടുക്കുമ്പോള്‍ ആന്റി ബോഡി ജനറേറ്റ് ചെയ്യും. ജനറേറ്റ് ചെയ്യുന്നതിന് സമയം ഉണ്ട്.അതിനാണ് നാലു ഡോസായി വീതിച്ച് നല്‍കുന്നത്. ആന്റിബോഡി ഫോം ചെയ്ത് വേണം ഇതിനെ അറ്റാക് ചെയ്യാന്‍. അതിന് മുന്‍പ് വൈറസ് തലച്ചോറില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. വൈറസിനെ ന്യൂട്രലൈസ് ചെയ്യാനാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. അവിടെയും കടി ആഴത്തിലുള്ളതാണെങ്കില്‍ പ്രശ്‌നമാണ്.'- ഡോക്ടര്‍മാര്‍ പറഞ്ഞു.

Previous Post Next Post