ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ചൈനീസ് നിര്‍മ്മിത മിസൈലുകൾ പ്രയോഗിച്ചുവെന്ന് സൈന്യം. ഈ മിസൈലുകൾ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാക് ആക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി കണ്ടു. പാകിസ്ഥാന് പ്രയോഗിച്ച ആയുധങ്ങളുടെ ദൃശ്യവും പ്രതിരോധമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തു വിട്ടു. പാക് വ്യോമതാവളം തകര്‍ത്തതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.
ഓപ്പറേഷന് സിന്ദൂറില്‍ സേനകളുടെ ഏകോപനം ശക്തമായിരുന്നു. ഭാവിയിലെ ഏത് ആക്രമണവും നേരിടാന്‍ സേന സജ്ജമാണ്. ചൈനീസ് നിര്‍മ്മിത പി എസ് 15 മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ച യിഹ, സോംഗര്‍ ഡ്രോണുകള്‍ തുര്‍ക്കി നിര്‍മ്മിതമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. കറാച്ചി മുതല്‍ ഇസ്ലാമാബാദ് വരെ ആക്രമിച്ചു. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതും സേന സ്ഥിരീകരിച്ചു. റഹിംയാര്‍ഖാന്‍ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടു.
ലഫ്. ജനറല്‍ രാജീവ് ഘായ് (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് -ഡിജിഎംഒ), എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി (ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപ്പറേഷന്‍സ്-ഡിജിഎഒ), വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് (ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപറേഷന്‍സ്-ഡിജിഎന്‍ഒ), മേജര്‍ ജനറല്‍ സന്ദീപ് എസ് ശാര്‍ദ (ഡയറക്ടര്‍ ജനറല്‍ അറ്റ് ദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചെന്ന പാകിസ്ഥാന് വാദം ഇന്ത്യന്‍ സൈന്യം തള്ളി. ഇന്ത്യന്‍ എയര്‍ഫീല്‍ഡ് സുരക്ഷിതമാണ്. ഇന്ത്യയുടെ ഫയര്വാള് ഭേദിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. മള്‍ട്ടി ലെയര്‍ വ്യോമപ്രതിരോധ സംവിധാനമാണ് ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യന്‍ വ്യോമപ്രതിരോധം മറികടക്കാന്‍ പാകിസ്ഥാന് ശ്രമിച്ചെങ്കിലും, അവയുടെ ശക്തി പാകിസ്ഥാന് മനസ്സിലായി. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ മികവു കാട്ടി. ആകാശ ആക്രമണങ്ങള്‍ ഫലപ്രദമായി ഇന്ത്യ നേരിട്ടുവെന്ന് സേനാ ഓഫീസര്‍മാര്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യം ഭീകരരെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഭീകരര്‍ക്ക് വേണ്ടി പാകിസ്ഥാന് സൈന്യം ഇന്ത്യയെ ആക്രമിച്ചു. ഭീകരര്‍ക്കൊപ്പം നില്ക്കാന് പാകിസ്ഥാന് തീരുമാനിച്ചത് ഖേദകരമാണെന്ന് എയര്‍ മാര്‍ഷല്‍ എ കെ ഭാര്‍തി പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ഭീകരരുടെ രീതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. നിരപരാധികളെയാണ് അവര്‍ ആക്രമിക്കുന്നതെന്ന് ലഫ്. ജനറല്‍ രാജീവ് ഘായ് പറഞ്ഞു. മിഗ് വിമാനങ്ങളുമായി കപ്പലുകള്‍ വിന്യസിച്ചിരുന്നുവെന്ന് വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് വ്യക്തമാക്കി.