പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അതിനാല്‍ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ തീവ്രവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല. അതിനാല്‍ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും, മോദി പറഞ്ഞു.
ഇന്ത്യന്‍ സായുധസേനകള്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇന്ത്യ ഇത്രയുംവലിയ നടപടികള്‍ സ്വീകരിക്കുമെന്ന് ഭീകരര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരരുടെ കെട്ടിടങ്ങള്‍ മാത്രമല്ല, അവരുടെ ധൈര്യം കൂടിയാണ് തകര്‍ന്നത്. ബഹാവല്‍പുര്‍, മുരിഡ്കെ പോലെയുള്ള ഭീകരകേന്ദ്രങ്ങള്‍ ആഗോള ഭീകരവാദത്തിന്റെ സര്‍വകലാശാലകളാണ്. 09/11 പോലെയുള്ള ലോകത്തെ എല്ലാ വലിയ ഭീകരാക്രമണങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.