'വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍', വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

കണ്ണൂർ: റാപ്പർ വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നായനാർ അക്കാദമിയിൽ ഇകെ നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആർഎസ്എസുകാർ പറയുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 'ആധുനികമായ മ്യൂസിക് സംവിധാനത്തിന്റെ പടനായകനാണ് വേടൻ. റാപ് എന്നതിന്റെ അർഥം അടുത്താണ് ഞാൻ നോക്കിയത്. അത് വളരെ ലളിതമാണ്. റിഥം ആന്റ് പോയട്രി എന്നാണ്. പദ്യം വളരെ മനോഹരമായി സമന്വയിപ്പ് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആർഎസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവർക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. ജാതി അധിക്ഷേപം ഉൾപ്പെടയുള്ള സവർണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടൻ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുമ്പോൾ പലർക്കും സഹിക്കില്ലെന്ന് നമുക്ക് അറിയാം. ചാതുർവർണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. അവർക്ക് ഇത് സഹിക്കില്ല. അധസ്ഥിതരായ മനുഷ്യരുടെ അവസ്ഥകൾ വേടൻ പാടുമ്പോൾ അതിനൊരു കരുത്തുണ്ട്. ശക്തിയുണ്ട്. അങ്ങനെയാണ് അയാൾ പ്രശസ്തനായത്'.


'ആറ് ഗ്രാം കഞ്ചാവുമായാണ് വേടനെ പിടികൂടിയത്. അയാളുടെ സംഘത്തിൽ എട്ട് പേരുണ്ട്. കഞ്ചാവ് കൈയിൽ വച്ചത് തെറ്റാണെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ലെന്നും ഇനി ആവർത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടായത്. വേടന്റെ ശരീരത്തിൽ ഒരു മാല കണ്ടു. അപ്പോൾ അതിന്റെ പേരിലായി കേസ്, ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തേണ്ട കാര്യമുണ്ടോ? ഒരാൾ സമ്മാനമായി തന്ന മാലയാണെന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നുണ്ടോ? ആ സമയത്ത് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ച് വേടനൊപ്പം നിന്നു. അധസ്ഥിത വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന് ഈ കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവാണ് വേടൻ. കേരളീയ സമൂഹം വേടനൊപ്പമാണെന്ന് പറഞ്ഞപ്പോഴാണ് ചിത്രം മാറിയത്'.


'ഇടുക്കിയിൽ സർക്കാരിന്റെ പരിപാടിയുടെ ഭാഗമായി വേടന്റെ പരിപാടി വച്ചിരുന്നു. കേസ് വന്നതിന് പിന്നാലെ സംഘാടകർ എന്നോട് വിളിച്ചു ചോദിച്ചു. എന്താണ് ചെയ്യുക. ഒരു സംശയവുമില്ല. തെറ്റ് തിരുത്താമെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. ആ പരിപാടി നടത്തണം. എന്തൊരു ജനകീയമുന്നേറ്റമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. ഇത് സവർണമേധാവികളുടെ ബോധപൂർവമായ കടന്നാക്രമണമാണ്. സനാതനധർമത്തിന്റെ പേര് പറഞ്ഞ് കലാകാരൻമാരെ വേട്ടയാടാൻ കേരളീയ സമൂഹം അനവദിക്കില്ല. ഇത് വർഗീയ വത്കരണത്തിന്റെയും ജാതീയതുടെയും കടന്നാക്രമണമാണ്. ഇത്തരം ആളുകളെ ദേശവിരുദ്ധരെന്നാണ് ആർഎസ്എസുകാർ വിളിക്കുന്നത്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ബ്രീട്ടീഷുകാർക്കൊപ്പം നിന്നവരാണ് ആർഎസ്എസുകാർ. അവർ ഇടതുപക്ഷക്കാരെ ദേശീയത പഠിപ്പിക്കണ്ട'- ഗോവിന്ദൻ പറഞ്ഞു.

Previous Post Next Post