അറബിക്കടലില്‍ മുങ്ങിത്താണ എംഎസ്‌സി എല്‍സ 3 ലൈബീരിയന്‍ കപ്പലില്‍ നിന്ന് എണ്ണപ്പാട പരക്കുന്നത് തടയുന്നതിനും കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കപ്പലിന്‍റെ ഉടമസ്ഥരായ എംഎസ്‌സി ഷിപ് മാനേജ്‌മെന്‍റ് ലിമിറ്റഡിനു നിര്‍ദേശം.
പരിസ്ഥിതി നാശം വരാതെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ പരക്കുന്നത് ഒഴിവാക്കാനും ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാനുമാണ് ഉന്നതലയോഗത്തില്‍ നിര്‍ദേശം ഉണ്ടായിട്ടുള്ളത്.
60 മീറ്റര്‍ താഴ്ചയില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളും മുങ്ങിയിട്ടുണ്ട്. ഈ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ വിദഗ്ധരെ കൊണ്ടുവരാനും വിദഗ്ധ ഏജന്‍സികളെ നിയമിക്കാനും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി കമ്ബനിയുടെ പ്രത്യേക ടീം തന്നെ കൊച്ചിയില്‍ ഉണ്ടാവണമെന്നാണ് നിര്‍ദേശം.
നിലവില്‍ നാലംഗ സംഘം കമ്ബനിയെ പ്രതിനിധീകരിച്ച് കൊച്ചിയിലുണ്ട്. കപ്പലും മറ്റും കെട്ടിവലിക്കുന്ന രണ്ട് ടഗ്ഗുകള്‍ മുംബൈയില്‍നിന്ന് വേഗത്തിലെത്തിക്കാനും നിര്‍ദേശമുണ്ട്. കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ മത്സ്യബന്ധന ബോട്ടുകളും ഉപയോഗിക്കും.