കൊച്ചി: മാനേജരെ മർദിച്ചെന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നൽകി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായി ഉണ്ണി മുകുന്ദൻ അറിയിച്ചത്. ഈ യാത്രയുടെ അവസാനം സത്യം വിജയിക്കുമെന്നും ഉണ്ണി മുകുന്ദൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ടോവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മർദിച്ചു എന്നാണ് മാനേജർ വിപിൻ ആരോപിച്ചത്. കേസിൽ ഇൻഫോപാർക്ക് പൊലീസ് മാനേജർ വിപിൻ കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്‌ലാറ്റിൽ 26ന് ഉച്ചയ്ക്ക് മർദനമേറ്റെന്നാണ് മാനേജരുടെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.
എന്നാൽ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നൽകിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.