ചണ്ഡീഗഢ്: ഐപിഎൽ ഫൈനൽ ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റൻസ്- മുംബൈ ഇന്ത്യൻസ് ടീമുകൾ നേർക്കുനേർ. എലിമിനേറ്ററിൽ ഇന്ന് ജീവൻമരണ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീമിന് പഞ്ചാബ് കിങ്‌സുമായി രണ്ടാം ക്വാളിഫയർ പോരാട്ടം കളിക്കാനുള്ള ഒരു അവസരം കൂടി തുറക്കുമ്പോൾ തോൽക്കുന്ന ടീമിനു നിരാശയോടെ മടങ്ങേണ്ടി വരും. ഇന്ന് ജയിക്കുന്ന ടീം പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും. ഈ പോരിൽ ജയിക്കുന്നവരാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുക.
ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച് മികവോടെ മുന്നേറുന്നതിനിടെ അവസാന രണ്ട് ഗ്രൂപ്പ് പോരാട്ടത്തിൽ തോൽവി പിണഞ്ഞത് ഗുജറാത്തിനു തിരിച്ചടിയായി മാറി. അതോടെ അവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്നു താഴേക്കു പതിച്ചു. ഇതോടെയാണ് ടീമിനു എലിമിനേറ്റർ കളിക്കേണ്ട അവസ്ഥ വന്നത്.
ഗുജറാത്ത് താഴേക്ക് വന്നതോടെ മുംബൈക്കും ആദ്യ രണ്ടിലൊരു ടീമാകാൻ അവസരമുണ്ടായിരുന്നു. എന്നാൽ അവരും പരാജയമേറ്റു വാങ്ങി നാലാം സ്ഥാനത്തു തന്നെ നിന്നു.
ഗുജറാത്തിന്റെ ബാറ്റിങ് അതിശക്തമാണ്. ഓപ്പണർമാരായ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് നിലവിൽ ഏറ്റവും കൂടുതൽ റൺസ് ഈ സീസണിൽ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. ഇരുവരും 600നു മുകളിൽ റൺസ് നേടിയിട്ടുണ്ട്. സ്ഥിരതയോടെയാണ് ബാറ്റ് വീശുന്നത്. പിന്നാലെ വരുന്ന ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും ഫോമിലാണ്. സീസണിൽ ഈ മൂന്ന് പേരിൽ ഒരാളെങ്കിലും ഫോമിൽ എത്താത്ത മത്സരങ്ങളും ഇല്ല.
അതേസമയം ബട്‌ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് ടീമിനു തിരിച്ചടിയാണ്. ബട്‌ലർക്കു പകരം ഗുജറാത്ത് ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെയാണ് എത്തിച്ചിട്ടുള്ളത്. താരം മികച്ച ബാറ്ററാണ്. എന്നാൽ നേരത്തെ ഐപിഎൽ കളിച്ചിട്ടില്ല. ഇന്ന് കളിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
പിന്നീടെത്തുന്ന ഷാരൂഖ് ഖാൻ, ഷെർഫെയ്ൻ റുഥർഫോർഡ് എന്നിവരും മികവോടെ ബാറ്റ് ചെയ്യുന്നുണ്ട്. എന്നാൽ മറ്റാരും കാര്യമായ സംഭാവനകൾ സീസണിൽ നൽകിയിട്ടില്ല എന്നത് ഗുജറാത്തിനു അൽപ്പം ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് രാഹുൽ തേവാടിയയെ പോലുള്ള താരങ്ങൾ മികവിലേക്ക് എത്താത്തത് തിരിച്ചടിയാണ്.
ബൗളിങ് അടിസ്ഥാനത്തിൽ ടീമിനെ കെട്ടിപ്പടുത്ത സംഘമാണ് ഗുജറാത്ത്. എന്നാൽ സീസണിന്റെ തുടക്കത്തിൽ മുഹമ്മദ് സിറാജ് മികവോടെ പന്തെറിഞ്ഞെങ്കിലും പിന്നീട് ഫോം കുറഞ്ഞു. നിർണായക സ്പിന്നറായ റാഷിദ് ഖാന് കഴിഞ്ഞ സീസണുകളിൽ ഉണ്ടാക്കിയ ഇംപാക്ട് ഈ സീസണിൽ ഒരു കളിയിൽ പോലും താരത്തിനു സൃഷ്ടിക്കാനും സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് കളികളിൽ ഗുജറാത്ത് വഴങ്ങിയത് 199, 235, 230 റൺസുകളാണ്.
തുടക്കത്തിൽ തപ്പിത്തടഞ്ഞാണ് മുംബൈ പോയത്. എന്നാൽ ക്രമേണ ക്രമേണ കരുത്തു വർധിപ്പിച്ചാണ് അവർ പ്ലേ ഓഫ് ഉറപ്പിച്ചത്. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതമാണ്.
മികച്ച താരങ്ങളാണ് മുംബൈയുടെ ഹൈലൈറ്റ്‌സ്. സൂര്യകുമാർ യാദവ് മിന്നും ഫോമിലാണ്. താരം സീസണിൽ 640 റൺസ് ഇതുവരെ അടിച്ചിട്ടുണ്ട്. രോഹിത് ശർമ ചില മത്സരങ്ങളിൽ തിളങ്ങിയിരുന്നു. മറ്റാരും കാര്യമായി സ്ഥിരത പുലർത്തുന്നില്ല എന്നത് മുംബൈയെ കുഴക്കുന്ന കാര്യമാണ്. ആര് ഫോമിലെത്തും എന്നത് കണക്കുകൂട്ടുക അസാധ്യം.
പകരക്കാരനായി എത്തിയ ഇംഗ്ലീഷ് വെറ്ററൻ ജോണി ബെയർസ്‌റ്റോ ബിഗ് ഹിറ്ററാണ്. താരത്തിന്റെ വരവ് ടീമിന്റെ ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങ് നിരയും ആശ്വാസം നൽകുന്നുണ്ട് മുംബൈക്ക്. ട്രെന്റ് ബോൾട്ട്, ജസ്പ്രിത് ബുംറ അടക്കമുള്ളവർ നിർണായക ഘട്ടത്തിൽ മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ.