ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിർണായക തെളിവുകള്‍ കണ്ടെത്തി. സുകാന്തിന്റെ ഐ ഫോണില്‍ നിന്നാണ് നിർണായക തെളിവുകള്‍ കണ്ടെത്തിയത്.
പ്രതി സുകാന്ത് പെണ്‍കുട്ടിയുമായി നടത്തിയ ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എപ്പോള്‍ മരിക്കുമെന്നാണ് സുകാന്ത് പെണ്‍കുട്ടിയോട് ചോദിക്കുന്നത്. ചോദ്യം ആവർത്തിച്ചപ്പോള്‍ ആഗസ്റ്റ് ഒമ്ബതിന് താൻ മരിക്കുമെന്ന് പെണ്‍കുട്ടി മറുപടി നല്‍കി.
ടെലഗ്രാമിലൂടെയാണ് ഇരുവരും ചാറ്റ് ചെയ്തത്. സുകാന്തിന്റെ ഐഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. മേയ് 23 വരെയാണ് സുകാന്തിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞിരിക്കുന്നത്. ഇന്ന് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഹൈകോടതി വിധി പറയും.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. പെണ്‍കുട്ടി മരിച്ച് 57 ദിവസം കഴിഞ്ഞിട്ടും അതിന് കാരണക്കാരനായ സുകാന്തിനെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സുകാന്തിന്റെ ലൈംഗിക ചൂഷണത്തെ തുടർന്നാണ് ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ഒരു വർഷത്തോളം പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണം. പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍നിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യപ്രേരണ കുറ്റങ്ങളാണ് ചുമത്തിയത്.