തൃശൂര്‍: തൃശൂര്‍ പൂരം വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഉച്ചയ്ക്ക് 12.30 ഓടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുര നട തുറന്നത്.
പൂരപ്രേമികളായ ആയിരങ്ങളെ സാക്ഷിയാക്കിയാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തിയത്. എറണാകുളം ശിവകുമാര്‍ തെക്കോ ഗോപുര നട തുറന്നപ്പോള്‍ ആവേശം വാനോളമായി. ദേവസ്വം ഭാരവാഹികളും മന്ത്രി കെ രാജനടക്കമുള്ള പൗരപ്രമുഖരും നിറപറവെച്ച് ഭഗവതിയെ എതിരേറ്റു. നിരവധി പേരാണ് തെക്കേ ഗോപുര നട തുറക്കുന്നതിന് സാക്ഷ്യംവഹിക്കാനായി എത്തിയത്.
തെക്കേഗോപുര നട തുറന്നതിന് പിന്നാലെ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിലെത്തി, മാരാര്‍ മൂന്നു തവണ ശംഖൂതി. ഇതോടെ മുപ്പത്തിയാറുമണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി.ഏഴാം വര്‍ഷമാണ് ശിവകുമാര്‍ പൂര വിളംബരത്തിനെത്തുന്നത്. നേരത്തേ ഈ ചടങ്ങ് നിര്‍വ്വഹിച്ചുവന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു.