അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലിൽ നാളെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.


ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മഴ ദുർബലമാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ശനിയാഴ്ചയും ഞായറാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ചയും ഞായറാഴ്ചയും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ ജാഗ്രത നൽകിയിട്ടുണ്ട്.

അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. നാളെ ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ച് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Previous Post Next Post